സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വ്യാപകമായ നാശനഷ്ടം



സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ശക്തമായി. 13 ജില്ലകളിലാണ് മഴയ്ക്ക് മുന്നറിപ്പുള്ളത്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും ഉണ്ടായത്. കൊല്ലം പുനലൂരിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണു. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂര തകർന്നു.


എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. പെരുമ്പാവൂരിൽ മരങ്ങൾ റോഡിലേക്ക് വീണു. വൈകിട്ട് നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടു. കാറ്റിൽ പലയിടത്തും കൃഷിനാശമുണ്ടായി. പലയിടത്തും ശക്തമായ ഇടിയും മിന്നലുമുണ്ടായി. കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂര തകർന്നു. തട്ടേക്കാട്-കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങൾ ഇലക്‌ട്രിക് പോസ്റ്റിന് മുകളിൽ വീണു വൈദ്യുതി തടസ്സപ്പെട്ടു.


കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും കനത്ത മഴ ലഭിച്ചു. കൂരാച്ചുണ്ട് മേഖലയിൽ മരങ്ങൾ കടപുഴകി വീണതായാണ് വിവരം. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കനത്ത മഴയും കാറ്റും കാരണം മലപ്പുറത്ത് നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. നിലത്ത് കെട്ടിയിരുന്ന പന്തൽ കാറ്റിൽ തകർന്നു.


Post a Comment

Previous Post Next Post